2008, ഓഗസ്റ്റ് 19

കുറിഞ്ഞിപൂത്തപ്പോള്‍

മാമഴയില്‍ നനഞ്ഞ്കുതിര്‍ന്നൊരു
മാമലമേട്ടിലെ നീലക്കുറിഞ്ഞി തന്‍
കൂമ്പില്‍ നിറയും പൂന്തേനുണ്ണുവാന്‍
കുഞ്ഞു ‍ശലഭങ്ങള്‍ പാറി പറക്കുന്നു

മഞ്ഞുകോടിയുടുത്തൊരാ കുന്നിന്‍ ചെരുവിലെ
മഞ്ഞക്കണിക്കൊന്നതന്‍ പൂവെഴും കൊമ്പിലായ്
പൂങ്കുയില്‍ പാടുന്ന പാട്ടിന്റെ താളത്തില്‍
കോലമയില്‍ പീലിവിടര്‍ത്തി നൃത്തമാടീടുന്നു

മഞ്ഞിളം വെയില്‍ തിളങ്ങും കാനനമേട്ടിലെ
മഞ്ഞണിക്കൊമ്പിന്‍ തളിര്‍ചില്ലച്ചോട്ടിലായ്
കുഞ്ഞിക്കിടാവുമായെത്തുന്നു മാന്‍പേട
കുഞ്ഞിളം മേനി തണുപ്പിച്ചുറക്കുവാന്‍

തൂമഞ്ഞു തുള്ളിയാ‍ല്‍ കുന്നിമണിസൂര്യന്‍
മാനത്ത് മാരിവില്‍ കൂടൊരുക്കുന്നേരം
ഇളമാവിന്‍ക്കൊമ്പത്തെ ചിങ്കാരക്കൂട്ടില്‍
കുറുവാലന്‍ മൈനകള്‍ കിന്നാരം കുറുകുന്നു

നീലമുകില്‍ കുടില്‍ ‍മേഞ്ഞൊരാമലമേട്ടില്‍
നീലസാഗരമെന്നപോല്‍ പൂവിരിയുമ്പോള്‍
നീലാംബരി മീട്ടുമെന്‍ ഹൃദയം മന്ത്രിക്കുന്നു
കാണുമെന്നെനിയീക്കുറിഞ്ഞി പൂക്കള്‍

4 അഭിപ്രായങ്ങൾ:

siva // ശിവ പറഞ്ഞു...

മഞ്ഞും മലയുമൊക്കെ എനിക്ക് ഏറെ ഇഷ്ടമാണ്...അതാവാം ഈ വരികളും എനിക്ക് ഏറെ പ്രിയതരമായി തോന്നുന്നു...

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

നല്ല വരികള്‍..കുറിഞ്ഞിയുടെ ഒന്നു രണ്ടു പടം കൂടി കൊടുക്കാമൊ ?

PIN പറഞ്ഞു...

നന്നായി എഴുതിയിരിക്കുന്നു...
പിന്നെ ഒരു കാര്യം, കുറിഞ്ഞിക്ക്‌ ഹരിതനിറവും അതിന്റെ പൂവിന്‌ നീലനിറവും അല്ലേ? അപ്പോൾ പൊന്നിതൾ എന്ന പ്രയോഗം ശരിയാണോ എന്നൊരു സന്ദേഹം...

നരിക്കുന്നൻ പറഞ്ഞു...

നീലമുകില്‍ കുടില്‍ ‍മേഞ്ഞൊരാമലമേട്ടില്‍
നീലസാഗരമെന്നപോല്‍ പൂവിരിയുമ്പോള്‍
നീലാംബരി മീട്ടുമെന്‍ ഹ്രദയം മന്ത്രിക്കുന്നു
കാണുമെന്നെനിയീക്കുറിഞ്ഞി പൂക്കള്‍ '

വരികള്‍ വളരെ ഇഷ്ടമായി...

ആശംസകള്‍