2008, സെപ്റ്റംബർ 9

ഒരോണപ്പാട്ട്

ചിങ്ങനിലാവ് വയലേലകളില്‍
ചിന്നിചിതറും ആവണിമാസം

മണ്ണില്‍ പുത്തിലഞ്ഞി പൂക്കുമ്പോള്‍
വിണ്ണില്‍ പാല്‍നിലാവ് പരന്നൊഴുകി

ഓണനിലാവത്തൊരു കാവളംകിളി
ഓലതുമ്പത്തിരുന്ന് പൊന്നൂയലാടി

കാലത്തെഴുന്നേറ്റ് കുളത്തില്‍ മുങ്ങി
കാവിന്‍ നടയില്‍ തൊഴുതു വണങ്ങി

തൃക്കാക്കരയപ്പന്റെ കാല്‍തൊട്ട് വന്ദിച്ച്
തൃക്കളമൊരുക്കീടാം പുതുപൂക്കളിറുത്ത്

‍പൊന്‍വെയിലെത്തുന്ന തിരുവോണനാളില്‍
‍വെണ്‍മുകിലെത്തുന്നു തെന്നലിനോടൊത്ത്


പറനിറഞ്ഞളക്കുന്ന പുന്നെല്ലിന്‍ പൂമണം
പടിപ്പുരവാതിലും നിറഞ്ഞൊഴുകി

മുക്കുറ്റി, തിരുതാളി പൂക്കുമാത്തോപ്പില്‍
മുന്നാഴി
പറനിറയെ തേന്‍‍പൂപറിക്കാം

പുലരൊളി വെളിച്ചം മെഴുകിയമുറ്റത്ത്
പലവര്‍ണ്ണമലരുകളാല്‍ കളമൊരുക്കാം

ഓണത്തിരുനാളില്‍ സദ്യയുണ്ണാന്‍
ഓണനിലാക്കിളി പറന്നുവന്നു

പൊന്നാര്യന്‍പാടത്തെ നല്ലരിയാലെ
പൊന്നോണനാളില്‍ ചോറ്വയ്ക്കാം

വണ്ണാത്തിപുള്ളിന്റെ വായ്ത്താരികേട്ട്
അണ്ണാറക്കണ്ണനും പായസ്സചോറൂണ്

മാമ്പഴക്കാലം കഴിഞ്ഞയീവേളയില്‍
മാവിന്റെ ചില്ലയില്‍ ഊഞ്ഞാലിടാം


ഇളംവെയിലേറ്റു തെന്നലിലാടും
തുളസിക്കൂമ്പിന്‍ ഗന്ധം പരക്കുന്നു

തൊടിയിലെ ചെന്തളിര്‍ ചെമ്പകത്തില്‍
പടരുന്ന തേന്‍മുല്ലയും മൊട്ടിട്ടുവോ

മഞ്ഞതുമ്പികള്‍ തളിരിലതുമ്പിന്മേല്‍
മഞ്ഞിളംരശ്മിയില്‍ തുള്ളികളിക്കുന്നു

ഇലഞ്ഞിപൂക്കള്‍ പൊഴിയുമാവഴിയിലെ
ഇലകളില്‍ ഓണവില്ലൊളി മുഴക്കും കാറ്റും

കായലോളങ്ങള്‍ക്ക് പുളകമായ് മാറി
പായുന്ന വള്ളങ്ങളില്‍ ആര്‍പ്പുവിളി

പഞ്ചാരിതാളത്തിനൊപ്പം കളിക്കുന്ന
പുലികളിയുടെ പുകിലിളകും മേളങ്ങളും

ഓണത്തപ്പനെഴുന്നെള്ളും ദിനത്തില്‍
ഓണക്കോടിയുടുത്ത് വരവേറ്റീടാം....

9 അഭിപ്രായങ്ങൾ:

ജോബി നടുവില്‍ | JOBY NADUVILepurackal പറഞ്ഞു...

ഓണത്തപ്പനെഴുന്നെള്ളും ദിനത്തില്‍
ഓണക്കോടിയുടുത്ത് വരവേറ്റീടാം....

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

നല്ലൊരു ഓണപ്പാട്ട്.

തേന്‍‌പൂ എന്താന്നൂ മനസ്സിലായില്ല്യ.

ഓണാശംസകള്‍!!!

ജോബി നടുവില്‍ | JOBY NADUVILepurackal പറഞ്ഞു...

വായിക്കൂ.... അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും അറിയിക്കൂ..

ബിന്ദു കെ പി പറഞ്ഞു...

കവിത ഇഷ്ടമായി.
ഓണാശംസകള്‍

sv പറഞ്ഞു...

നന്നായിട്ടുണ്ടു...

ഓണാശംസകള്‍....

ഷിജു പറഞ്ഞു...

മാഷേ കവിത ഇഷ്ടപ്പെട്ടു
എല്ലാ ഓണാശംസകളും നേരുന്നു.

siva // ശിവ പറഞ്ഞു...

ഈ തുമ്പപ്പൂക്കള്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു.

നടുവിലാനും പ്രിയപ്പെട്ടവര്‍ക്കും എന്റെയും എനിക്ക് പ്രിയപ്പെട്ടവരുടെയും ഓണം ആശംസകള്‍.

സസ്നേഹം,

ശിവ

smitha adharsh പറഞ്ഞു...

നന്നായിരിക്കുന്നു..

മാംഗ്‌ പറഞ്ഞു...

ഒരു ഗദ്യ കവിതാ ശൈലി ആയിപോയി ചിലവരികളിൽ പക്ഷെ എഴുതിയതു ഗദ്യ കവിതയൊട്ടല്ലതാനും.
എല്ലാവകയിലും മികച്ച ഒരു കവിത ചില കല്ലുകടികളാൽ കാവ്യഭങ്ഗി നഷ്ടപെട്ടു മുഴച്ചു നിൽക്കുന്നു
ൽ,ഉം,അം,തുടങ്ങിയ നിർത്തലുകൾചില വരികളിൽ നിന്ന് ഒഴിവാക്കി നോക്കു ഒരു മനൊഹരമായ ഗാനം ചുരുൾ നിവരുന്നതു കാണാം
ഉദാ:
തേനൂറും പൂ പറിക്കാം
ചില്ലയിലൂഞ്ഞാലിടാം
വള്ളങ്ങളിലാർപ്പുവി
ഇങ്ങിനെ ഒക്കെ ആയിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്നൊരു തോന്നൽ