2009 ജൂൺ 20

ഇടവപാതിയില്‍















തൂവാനം പെയ്തിറങ്ങും ഇടവപാതിയില്‍
തുള്ളി തൂവി മണ്ണില്‍ വീഴുമീമാരിയില്‍
നനഞ്ഞു കുതിര്‍ന്നൊരു പാട്ടുപാടുവാന്‍
നനുത്തകാറ്റിന്‍ കുളിരേല്‍ക്കുവാന്‍ മോഹം

കുഞ്ഞിതവളകള്‍ കരയുന്ന പാടത്ത്
കന്നിനെ മേയിച്ചു ചെളിയില്‍മറിയുന്ന
കന്നാലി ചെക്കന്മാരോടെത്തുകൂടി
കൊഞ്ഞനംക്കുത്തി നടക്കണമീമഴയില്‍

കാറ്റിലാടും നനഞ്ഞ ചോലമരചില്ലയില്‍
കാതരമായ് പാടുന്ന പൂങ്കുയിലുകള്‍
കരളിലമൃതമഴ പൊഴിയുമാമീണങ്ങള്‍
കാതില്‍ പതിയുന്നു ലോലവീചികളായ്

കുനുതണു തുള്ളികള്‍ വീഴുമാമാച്ചോട്ടില്‍
കുളിര്‍ തെന്നലേറ്റു തനിച്ചിരിക്കെ
നനുത്ത കരസ്പശമേറ്റയെന്‍ മേനിയില്‍
മിനുത്ത രോമഹര്‍ഷങ്ങള്‍ ഉണര്‍ന്നുവോ

ഇളംതെന്നലില്‍ ദലമര്‍മ്മരങ്ങള്‍
ഇരുട്ടില്‍ നിന്നെന്നെയുണര്‍ത്തി
മഴത്തുള്ളിക്കിലുക്കമാം നിന്‍സ്വരം
മനസ്സില്‍ നിറയും കുഞ്ഞോളങ്ങളായോ



2009 ജൂൺ 17

മകീര്യംഞാറ്റുവേലയില്‍

തുലാവര്‍ഷ സന്ധ്യതന്‍ നിഴല്‍ക്കീഴില്‍
താഴ്വാരം പുല്‍കിടും മഞ്ഞലകളും
മഴതെന്നലേറ്റു നല്‍വയല്‍പൂക്കളും
മതിമറന്നുപെയ്യും മകീര്യംഞാറ്റുവേലയില്‍

തണ്ണീരുമായ് വരും വര്‍ഷകാലമുകിലുകള്‍
തനിയെനില്‍ക്കുമാ സഹ്യനില്‍ തലോടി
താഴേക്കു പൊഴിയുന്നു, അശ്രുക്കളായ്
താളമായ് ഒഴുകുന്നു കൊച്ചരുവികളായ്

മേഘങ്ങളിതര്‍ക്കും മിന്നല്‍ക്കൊടിയും
മേലെമുഴങ്ങും ധ്യനിമേളവും
മനസാകെ ഭീതിയുണര്‍ത്തുമെങ്കിലും
മഴക്കൊഞ്ച്ല്‍ കേള്‍ക്കാനെന്തുരസം

ചിനുചിനുത്ത മഴയില്‍ ചേമ്പിലകളില്‍
ചിന്നിചിതറും സ്ഫടികതുണ്ടുകള്‍
ചെറുകാറ്റിലെത്തും ഹിമകണങ്ങളാല്‍
ഈറനണിഞ്ഞു പച്ചിലചാര്‍ത്തുകള്‍

ധാരയായ് പെയ്യും പെരുമഴതുള്ളികള്‍
ധാത്രിയില്‍ പതിച്ചൊരാ രാവിരുളില്‍
തണല്‍ വിരിക്കും കൊന്നമരങ്ങള്‍ തന്‍
മണമെഴും പൂക്കള്‍ മണ്ണിലടര്‍ന്നുവീണു

2008 ഒക്‌ടോബർ 30

വൃശ്ചികപൂവ്

വൃശ്ചികപുലരിതന്‍ പൊന്നൊളിയില്‍
വാര്‍മഴതുള്ളിതന്‍ കുളിരലയില്‍
മണിതെന്നലില്‍ മൃദുതഴുകലില്‍
മലര്‍വനിയില്‍ വിരിഞ്ഞൊരു പനിനീര്‍പൂവെ...

എത്രവസന്തങ്ങള്‍ മറഞ്ഞുപോയി
എത്രമുകിലുകള്‍ പെയ്തൊഴിഞ്ഞു
എങ്കിലുമീപൂവിന്‍ നറുസുഗന്ധം
എന്നിലെയെന്നെയുണര്‍ത്തീടുന്നു
മഞ്ജരിതന്നില്‍ നിറയുമീവര്‍ണ്ണങ്ങള്‍
മാനസതാളില്‍ അനുരാഗലോലമായ്
വരികളായ്... പൊന്‍ലിപികളായ്...
വിരിഞ്ഞുവോയൊരു... കവിതയായ്...


പൂന്തേന്‍ തുളുമ്പുമാമിദള്‍‍കൂമ്പില്‍
പൂമ്പാറ്റയായ് നറുമധുനുകരാം
ഹൃദയമാംപൂക്കൂട നിറയ്കുവാ
നീമലര്‍
പൂംദളങ്ങളെ മെല്ലെയിറുത്തെടുക്കാം
ഋതുഭേതസന്ധ്യ ചാലിച്ചനിഴലില്‍
ഋതുമതിപൂവിന്‍ തളിരിളം‍ചെണ്ടില്‍
തിരയുകയായ്... അലയുകയായ്...
പരാഗങ്ങള്‍ക്കായൊരു... കാര്‍വണ്ടായ്...

കാല്‍വരിക്രൂശിലെ

കാല്‍വരിക്രൂശിലെ ദിവ്യസ്നേഹം
കാരുണ്യം ദിനവുംമര്‍ത്ഥരിലേകി
നിത്യശാന്തിനല്‍കി സൗഖ്യമേകുന്നു
നിത്യസമാധാനസന്തോഷമേകുന്നു


പാപികളെ തേടിവന്ന ജീവനാഥന്‍
പാപങ്ങള്‍ പോക്കി നവജീവനേകും
മാനവര്‍ക്ക് ആകുലതകളേറിമ്പോള്‍
മല്‍പ്രിയന്‍ കണ്ണിരകറ്റി ബലംനല്‍കും
ശാപപാപഭാരങ്ങള്‍ അകറ്റിയെന്നും
ശുത്ധീക്കരിക്കുന്ന ക്രൂശിതനാഥന്‍


കാലിടറിതളര്‍ന്നു വീണിടുമ്പോള്‍
കനിവേറും ഭുജങ്ങളാല്‍ താങ്ങീടുന്നു
കൂട്ടരെല്ലാരും കൈവെടിയുമ്പോള്‍
കൂടെയുണ്ടെന്നും സ്നേഹദായകന്‍
ശത്രുക്കള്‍മുന്നില്‍ വിരുന്നൊരുക്കും
ശക്തനാമെന്‍ ദൈവപുത്രന്‍

തിരകളുയരുമീ...

തിരകളുയരുമീ ലോകവാരിധിയില്‍
തോണിയുലഞ്ഞു യാത്രചെയ്യുമ്പോള്‍
നിണമൊഴുകിയ മാറോടുചേര്‍ത്ത്
നാഥന്‍ സ്വര്‍ഗ്ഗീയതീരത്തണച്ചീടും

കൂരിരുള്‍മൂടിയ താഴ്വരതന്നില്‍
കൂട്ടാരുമില്ലാതെ അലഞ്ഞീടുമ്പോള്‍
കരുണയിന്‍ ‍ദീപമായ് യേശുനാഥന്‍
കൂട്ടാളിയായ് തന്‍വഴിതന്നെ നടത്തും

കാനനവീഥിയില്‍ മുള്ളുകളേറ്റു
കാല്‍മുറിഞ്ഞേകനായ് നടന്നാല്‍
കാല്‍വരിക്രൂശില്‍ രക്തംചിന്തിയ
കരംപിടിച്ചേശു നടത്തീടുന്നു

ചെന്നായ്ക്കള്‍നടുവില്‍ കുഞ്ഞാടുപോല്‍
ചെന്നിണമൊഴുകി നിന്നിടുംനേരം
രക്ഷകനാമെന്‍ ജീവദായകന്‍
രക്ഷിക്കുമേ വൈരികളില്‍നിന്ന്

കഴ്ട്നഴ്ട്ങ്ങള്‍ എന്തുവന്നാലും
കാത്തീടുന്നവനാശ്വാസമേകുന്നു
നീതിയുടെപാതയിലേശുനാഥന്‍
നയിച്ചീടുന്നു ത൯ തണലില്‍

2008 ഒക്‌ടോബർ 29

തിരുനാമംവാഴ്ത്തി...

തിരുനാമംവാഴ്ത്തി സ്തുതിച്ചീടുവാന്‍
തിരുനന്മപാടി കീര്‍ത്തിക്കുവാന്‍
തന്‍ മഹത്വങ്ങള്‍ പാരിലറിയിക്കുവാന്‍
നിന്‍ കൃപഞങ്ങളില്‍ ചൊരിയേണമേ...

അകതാരിലെന്നും നിന്‍തിരുരൂപം
അണയാതെ തിരിയാ‍യ് തെളിഞ്ഞീടണേ
എണ്ണിയാല്‍ തീരാത്ത തന്‍മഹിമകള്‍
എന്നാളുമുരുവിടാന്‍ അനുവദിക്കൂ
പുകഴ്ത്തുന്നു നിന്‍ അത്ഭുതങ്ങള്‍
പാവനനാം എന്‍ നല്ലിടയാ...


ആയിരമായിരം സ്തുതിഗീതികളാല്‍
ആനന്ദത്തോടെ വന്ദനംചെയ്യുന്നു
രക്തംചിന്തിയ തിരുക്കരങ്ങളാല്‍
രക്ഷകാസ്നേഹത്തേടെ നയിച്ചീടണേ
കാത്തിരിക്കുന്നു നിന്‍വരവിന്‍ദിനം
കാലമസ്ത്മിക്കാറയയീവേളയില്‍...

2008 സെപ്റ്റംബർ 24

റമ്സാന്‍ നിലാവ്

റമ്സാനിലെ വെണ്‍ചന്ദ്രികയില്‍
റൂമാല്‍ പൊന്‍പട്ടിനാല്‍ നെയ്തതല്ലേ
മൊഞ്ചുള്ള കവിളത്തെ കസ്തൂരിമറുക്
മൈലാഞ്ചികൈകളാല്‍ മറച്ചീടല്ലേ

മാതളതേനൂറും തൂമൊഴിയുമായ്
മയ്യണിക്കണ്ണില്‍ പൊന്‍കനവുമായ്
പെരുന്നാള്‍പിറ മാനത്ത് പോല്‍
പളുങ്ക്പെണ്ണെന്‍ ഖല്‍ബിനുള്ളില്‍

മഴവില്ലഴകെഴും താമരപെണ്ണേ നീ
മദനപ്പൂത്തോപ്പിലെ മധുരക്കരിമ്പോ
നിന്‍ മിഴിയിണയിലെ പൂവമ്പുക്കൊ-
ണ്ടെന്‍ നെഞ്ചകം ചെന്താമലരായ്

ഗസല്‍ പൂക്കുമീനീലരാവില്‍
വാനില്‍ വെണ്ണിലാവൊഴുകി
ഇശല്‍ പാട്ടിനീണമെന്നുള്ളില്‍
ഇതളിട്ടുവോ പനിനീര്‍മലരായ്

പവിഴചുണ്ടിലെ പൂംദളങ്ങളില്‍
പാതിപൂത്തൊരാ പുഞ്ചിരിയിലെ
മധുരമൂറും തേന്‍കണങ്ങളാലെന്‍
മാനസപാത്രം തുള്ളിതുളുമ്പിയോ...